സംസ്ഥാനത്തു നിന്നും ലഭിയ്ക്കുന്ന ഭൂരി ഭാഗം ബ്രാന്‍ഡ് വെളിച്ചെണ്ണകളിലും വര്‍ദ്ധിച്ചതോതില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി. ഇപ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൃത്രിമ എണ്ണ കലര്‍ത്തിയ വെളിച്ചെണ്ണയുടെ കുത്തൊഴുക്കാണുള്ളത്.പരിശോധനയില്‍ പോലും കണ്ടെത്താനാവാത്ത ഈ മായം കലര്‍ത്തി കൊള്ളലാഭത്തിനായി നടത്തുന്ന കച്ചവടച്ചതി കണ്ടെത്താന്‍ നമ്മുടെ നാട്ടില്‍ സംവിധാനങ്ങളുമില്ല. വെളിച്ചെണ്ണയില്‍ കലര്‍ത്തുന്ന കൃത്രിമഎണ്ണയ്ക്ക് കേവലം 84 രൂപയാണ് വില. ഈ എണ്ണയില്‍ 20 ശതമാനം മാത്രം വെളിച്ചെണ്ണ കലര്‍ത്തുമ്പോള്‍ വില 220ല്‍ ആകും. പരിശോധിച്ചാലും കണ്ടെത്താന്‍ കഴിയാത്ത എണ്ണയാണ് വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നതെന്നാണു കച്ചവടക്കാര്‍ പറയുന്നത്. തമിഴ്‌നാട്ടിലെ കങ്കായത്താണു വ്യാജ ഭക്ഷ്യഎണ്ണ ഇത്തരത്തില്‍ ലഭിക്കുന്നത്.

റിഫൈന്‍ഡ് ഓയില്‍ എന്ന പേരിലാണ് വ്യാജ എണ്ണയുടെ കച്ചവടം. പ്രത്യേകിച്ച് മണമോ രുചിയോ ഇല്ലാത്ത എണ്ണ. റിഫൈന്‍ഡ് ഓയിലിലേക്ക് കൊപ്ര ചിപ്‌സ് ചേര്‍ത്ത് ഇളക്കുകയോ ഇരുപത് ശതമാനം നല്ല വെളിച്ചെണ്ണ കലര്‍ത്തുകയോ ചെയ്താല്‍ യഥാര്‍ഥ വെളിച്ചെണ്ണയുടെ മണവും നിറവും കിട്ടുമത്രേ. ലാബ് പരിശോധനയില്‍ പോലും തട്ടിപ്പ് കണ്ടെത്താനാകില്ലെന്നും കച്ചവടക്കാര്‍ പറയുന്നു. കൊളളലാഭം മാത്രം ലക്ഷ്യമിട്ടാണ് വെളിച്ചെണ്ണ വിപണിയിലെ കച്ചവടക്കാര്‍ റിഫൈന്‍ഡ് ഓയില്‍ എന്ന വ്യാജനെ ആശ്രയിക്കുന്നത്.

നല്ല വെളിച്ചെണ്ണ കിലോ ഒന്നിന് ഇരുന്നൂറ് രൂപയ്ക്ക് മുകളിലാണ് വിലയെങ്കില്‍ റിഫൈന്‍ഡ് ഓയിലിന്റെ വില എണ്‍പത്തിനാലു രൂപ മാത്രമാണ്. അതായത് വെളിച്ചെണ്ണയെന്ന പേരില്‍ പാക്ക് ചെയ്ത് റിഫൈന്‍ഡ് ഓയില്‍ വിപണിയിലിറക്കിയാല്‍ കിലോ ഒന്നിന് കിട്ടുന്ന ലാഭം നൂറ്റിയിരുപത് രൂപയിലേറെയാണ്. വെളിച്ചെണ്ണയില്‍ മാത്രമല്ല നല്ലെണ്ണയിലും, സൂര്യകാന്തി എണ്ണയിലും റിഫൈന്‍ഡ് ഓയില്‍ ചേര്‍ത്തുളള ഈ തട്ടിപ്പ് വ്യാപകമാണ്. കേരളത്തില്‍ പ്രചാരത്തിലുളള ഏറിയ പങ്ക് പാക്കറ്റ് എണ്ണയിലും ഈ കൃത്രിമം നടക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരം മായം കലര്‍ന്ന വെളിച്ചെണ്ണയുടെ ഉപയോഗം മലയാളികളുടെ ആരോഗ്യം തകര്‍ക്കുമെന്നുറപ്പാണ്.