ആലുവ ജില്ലയിലെ റസിഡൻസ‌് അസോസിയേഷനുകളുടെ അവലോകനയോഗം ജില്ലാ പൊലീസ‌് ആസ്ഥാനത്ത‌് പൊലീസ‌് മേധാവി കെ കാർത്തിക‌് ഉദ‌്ഘാടനം ചെയ‌്തു. പൊതുജനബന്ധം മെച്ചപ്പെടുത്താനും റസിഡൻസ‌് അസോസിയേഷനുകളുമായി യോജിച്ച‌് നടപ്പാക്കേണ്ട പദ്ധതികളും നിർദേശങ്ങളും പരാതികളും ചർച്ച ചെയ്യാനുമാണ‌് അവലോകനയോഗം ചേർന്നത‌്. ജില്ലയിലെ കുറ്റകൃത്യങ്ങൾ കുറയ‌്ക്കാനും മോഷണങ്ങൾ ഇല്ലാതാക്കാനും ഗതാഗതക്കുരുക്ക‌് പരിഹരിക്കാനുമായി എല്ലാ മാസവും എസ‌്എച്ച‌്ഒയുടെ നേതൃത്വത്തിൽ യോഗം ചേരാൻ നിർദേശം നൽകി. റസിഡൻസ‌് അസോസിയേഷനുമായി സഹകരിച്ച‌് രാത്രികാല പട്രോളിങ‌് ശക്തമാക്കും. കൂടുതൽ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ റസിഡൻസ‌് അസോസിയേഷനുകളുടെ സഹകരണം ജില്ലാ പൊലീസ‌് മേധാവി അഭ്യർഥിച്ചു. ഒറ്റപ്പെട്ട‌് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സുരക്ഷയ‌്ക്കായുള്ള ബെൽ ഓഫ‌് ഫെയ‌്ത്ത‌് പദ്ധതി വ്യാപിപ്പിക്കാനും മയക്കുമരുന്ന‌് ഉപയോഗവും വ്യാപനവും തടയാനും നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. ജില്ലയിലെ റസിഡൻസ‌് അസോസിയേഷനുകളെ പ്രതിനിധാനംചെയ‌്ത‌് 390 പേർ പങ്കെടുത്തു. അഡീഷണൽ എസ‌്പി  എം ജെ സോജൻ, നാർകോട്ടിക‌് സെൽ ഡിവൈഎസ‌്പി എം ആർ മധുബാബു, ജില്ലാ സ‌്പെഷ്യൽ ബ്രാഞ്ച‌് ഡിവൈഎസ‌്പി ആർ റാഫി, റസിഡൻസ‌് അസോസിയേഷൻ ജില്ലാ വൈസ‌് പ്രസിഡന്റ‌് എൻ സുകുമാരൻ, അസോസിയേഷൻ താലൂക്ക‌് സെക്രട്ടറി കെ ജയപ്രകാശ‌് എന്നിവർ പങ്കെടുത്തു.