ആവശ്യകത
കാർഷികവ്യത്തിയിലൂന്നിയ ഒരു സംസ്ക്കാരമാണ് നമമുടേത്. നമ്മുടെ നിത്യ ആഹാരത്തിൽ പച്ചകറികൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുളളത്. മുൻ പ് നമ്മുടെ വീട്ടുവളപ്പിൽ വിവിധ തരം പച്ചകറികൾ നാം കൃഷി ചെയ്തിരുന്നു. നമ്മുടെ ആവശ്യങ്ങൾക്ക് നാം തന്നെ കൃഷി ചെയ്തുണ്ടാക്കുന്ന ഈ പച്ചക്കറികളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ കാലക്രമേണ നമ്മുടെ സ്വാശ്രയശീലം ഇല്ലാതാവുകയും പൊതുവിപണിയിൽ നിന്ന് നമുക്ക് ആവശ്യമുള്ളവ വാങ്ങി ഉപയോഗിക്കാനും തുടങ്ങി. ഇന്ന് പച്ചക്കറി മാത്രമല്ല മുട്ട, പാൽ, കോഴിഇറച്ചി, അരി, തുടങ്ങി അവശ്യവസ്തുകൾക്ക് നാം അന്യസംസ്ഥാനത്തെ ആശ്രയിച്ചിരുന്ന അവസ്ഥയിൽ എത്തി ചേർന്നിരിക്കുന്നു. 25 ലക്ഷം ടണ്‍ പച്ചക്കറിയാണ് കേരളത്തിലെ ജനത ഒരു വർഷം ഉപയോഗിക്കുന്നത്. വ്യവസായികമായി കേരളം ഉല്പ്പാദിപ്പിക്കുന്ന പച്ചക്കറി 5 ലക്ഷം ടണ്‍ മാത്രമാണ്. ബാക്കി 20 ലക്ഷം ടണ്‍ പച്ചക്കറിയും അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്നു. ഇതിനായി 1000-1250 കോടി രൂപയോളം നാം ചെലവഴിക്കുന്നു. ഇന്ന് നമ്മുക്ക് ലഭിക്കുന്ന പച്ചക്കറികൾ മാരകമായ രാസ കീടനാശിനി, രാസവളം എന്നിവയാൽ മലിനമാക്കപ്പെട്ടിരിക്കുന്നു. ശുദ്ധമായ, പ്രക്യതി ദത്തമായപച്ചക്കറി ഇന്ന് ലഭ്യമല്ലാതായിരിക്കുന്നു. നാം പണം കൊടുത്ത് വാങ്ങുന്നത് ഈ പച്ചക്കറികൾ മാത്രമല്ല ക്യാൻസർ, ജൻമ വൈകല്യരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, നാഡി രോഗങ്ങൾ തുടങ്ങിയവ കൂടിയാണ് എന്ന് ഓർക്കുക. നമ്മളും നമ്മുടെ വരും തലമുറയും വിഷലിപ്തമായ ഈ പഴം-പച്ചക്കറികൾ ഉപയോഗിക്കുന്നതിൽ നിന്ന് പിൻമാറേണ്ടിയിരിക്കുന്നു. അതിനായി നാം ചെയ്യേണ്ടത് വളരെ ലളിതമായ ഒരു കാര്യം മാത്രം! നമ്മുടെ വീട്ടുവളപ്പിൽ,(സ്ഥലസൗകാര്യമില്ലാത്തവർ ടെറസ്സിൽ )സ്വയം ജൈവപച്ചക്കറി കൃഷിചെയ്യുക എന്നതാണ്. ഇതിനാവശ്യമായ എല്ലാവിധ ശാസ്ത്ര സാങ്കേതിക സഹായം നല്കിവരുന്ന സ്ഥാപനമാണ് ഗ്രീൻവാലി. SGSY എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ വിവിധ സ്വയം സഹായ സംഘങ്ങൾ കുടുംബശ്രീക്കും, വൈദഗ്ദ്യ പോഷണ പരിശീലനങ്ങൾ നല്കിയിട്ടുണ്ട്. കേരളത്തിലുടനീളം കുടുംബശ്രീ അംഗങ്ങൾക്ക് കൃഷി സംബന്ധമായ എല്ലാവിധ സ്കിൽ ട്രൈയിനിംങ്ങുകളും നൽകുന്നതിനുവേണ്ടി NRLM ആജീവിക പദ്ധതിയ്ക്കായി കുടുംബശ്രീ സേറ്ററ്റ് അംഗീകാരമുള്ള സ്ഥാപനമാണ് ഗ്രീൻവാലി. മാത്രമല്ല റൂറൽ ഡെവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരത്തോടെ IWMP പരിപാടിയിലുള്ള സ്കിൽ ട്രൈനിംഗ് നൽകുന്നതിന് തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനമാണ് ഗ്രീൻവാലി. SLNA യുടേയും ഗ്രാമവികസന വകുപ്പിൻറെയും അംഗീകാരത്തോടെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾ വഴി ട്രെയിനിംങ്ങ് നടത്തിവരുന്നു.
പരിശീലനം
ഗ്രീൻവാലി നൽകുന്ന പരിശീലനം ക്ലാസ്സ് റൂമിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. 3 ദിവസത്തെ തീവ്ര പരിശീലനവും 2 ദിവസത്തെ ഗൈഡൻസും നൽകുന്നു. ഇതിൽ ആദ്യ ദിവസം ക്ലാസ്സ് റൂമിൽ വെച്ച് ജൈവപച്ചക്കറിയുടെ ആവശ്യകത, പ്രധാന പച്ചക്കറി ഇനങ്ങൾ, കൃഷി രീതികൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയെ കുറിച്ച് പരിശീലനം നല്കുന്നു. രണ്ടാം ദിവസം ഈ പരിശീലകരെ നേരെ കൃഷിയിടത്തിൽ കൊണ്ടുചെന്ന് മണ്ണ് ഒരുക്കൽ, ജൈവവളം അടിവളമായി ചേർക്കൽ, വിത്ത് നടീൽ വസ്തു നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ജൈവ കൃഷി സമ്പ്രദായം എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നു. അതോടൊപ്പം പരിശീലനത്തിനായി ഒരു മാതൃക പച്ചക്കറിതോട്ടം ഉണ്ടാക്കുന്നു. മൂന്നാം ദിവസം ജൈവകീടനാശിനികൾ ജൈവ കുമിൾ നാശിനികൾ, ജൈവവളങ്ങൾ, ജീവാണുവളങ്ങൾ, കമ്പോസ്റ്റ് വളങ്ങൾ എന്നിവ നിർമ്മിക്കുകയും ഉപയോഗിക്കുവാൻ പരിശീലിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഓരോ പരിശീലകർക്കും 50 മുതൽ 70 പച്ചക്കറി തൈകൾ ട്രേകളിൽ മുളപ്പിച്ച് വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നതിനായി നൽകുന്നു. കൂടാതെ ഫിഷ് അമിനോ ആസിഡ്, ഇ എം ലായനി, ട്രൈക്കോഡർമ്മ കൾച്ചർ, സ്യൂഡോമോണസ്സ് കൾച്ചർ ചെയ്ത ലായനി എന്നിവയും ഓരോ പരിശീലകർക്ക് നൽകുകയും സസ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഉതകുന്ന രീതിയിൽ പരിശീലനം നൽകുകയും ചെയ്യുന്നു…
ഈ 3 ദിവസത്തെ പരിശീലനത്തിനുശേഷം പത്താം ദിവസവും മുപ്പതാം ദിവസവും ഈ മാതൃക പച്ചക്കറി തോട്ടത്തിൽ വെച്ചുതന്നെ സസ്യ സംരക്ഷണ രീതികൾ ജൈവ ജീവാണു വളപ്രയോഗങ്ങൾ എന്നിവയെകുറിച്ചും പ്രായോഗിക പരിശീലനം നൽകുന്നു.
ജൈവ പച്ചക്കറി-വീട്ടു വളപ്പിൽ
ഒരു വ്യക്തിയുടെ ശാരീരികാരോഗ്യം നിലനിർത്തുന്നതിന് ദൈനംദിനം ശരാശരി 300 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശ്ശിച്ചിട്ടുള്ളത് എന്നാൽ നമ്മുടെ പച്ചക്കറി ഉപയോഗം ശരാശരി 30 ഗ്രാം മാത്രമാണ്. പോഷകസമൃദ്ധമായ ധാരാളം പച്ചക്കറികൾ നാം വീട്ടുവളപ്പിൽ തന്നെ ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഒരൽപ്പം സ്ഥലം ഉണ്ടെങ്കിൽ വീട്ടിൽ നമുക്കൊരു അടുക്കള തോട്ടം ഉണ്ടാക്കാം. നല്ല സൂര്യപ്രകാശം കിട്ടുന്നതും നീർവാർച്ചയും ജലസേചന സൗകര്യവും ഉള്ളതുമായ സ്ഥലം വേണം പച്ചക്കറി കൃഷി ചെയ്യാൻ തെരഞ്ഞെടുക്കേണ്ടത്.
രാസവളങ്ങളും രസകീടനാശിനികളും പൂർണ്ണമായും ഒഴിവാക്കി വീട്ടുവളപ്പിലെ കൃഷിക്ക് ജൈവവളങ്ങൾ മാത്രം ഉപയോഗിക്കുക. ചാണകം, കോഴിവളം, ആട്ടിൻകാഷ്ഠം, പിണ്ണാക്ക്, കമ്പോസ്റ്റ് വളങ്ങൾ, ജൈവസ്ലറി, എല്ലുപൊടി, എന്നിവ ലഭ്യതക്ക് അനുസരിച്ച് ഉപയോഗിക്കാം. സൂക്ഷ്മാണു വളങ്ങളായ റൈസോബിയം, അസ്റ്റോ ബാക്ടർ, അസ്സോസ്സ് പയറില്ലം, ഫോസ്ഫറസ്സ് ബാക്ടീരിയ, പൊട്ടാഷ് ബാക്ടീരിയ, എന്നിവയും ഉപയോഗിക്കാം
മട്ടുപാവുകൃഷി -ഗ്രോബാഗ്
കൃഷിസ്ഥലം ഇല്ലാത്തവർക്ക് നല്ല സുര്യപ്രകാശം കിട്ടുന്ന ടെറസ്/മുറ്റം ഉണ്ടെങ്കിൽ സമൃദ്ധമായി പച്ചക്കറി വിളയിക്കാൻ ഈ സ്ഥലം തന്നെ മതിയാകും. (ആവശ്യമെങ്കിൽ നല്ല വെയിൽ ഉള്ള സമയം ഷൈഡ്നെറ്റ് ഉപയോഗിക്കുക) മേൽ മണ്ണ്, ഉണക്കിപൊടിച്ച, ചാണകം (ട്രൈക്കോഡർമ്മ കൾച്ചർ ചെയ്തത് ഉത്തമം) മണൽ/ ചകിരിചോർ എന്നിവ തുല്യ അളവിൽ എടുത്ത് നല്ലപോലെ കൂട്ടികലർത്തുക ഇതിൽ ആവശ്യത്തിന് വേപ്പിൻപിണ്ണാക്ക് എല്ലുപൊടി എന്നിവ ചേർക്കാം. ഇവ ഗ്രോബാഗിൽ നിറയ്കുക. ഇതിലാണ് തൈകൾ നടേണ്ടത്. ഗ്രോബാഗിലുള്ളസുഷിരങ്ങൾ അടഞ്ഞുപോകാതിരിക്കാൻ ചകിരികൊണ്ടുള്ള പ്ലഗ്ഗിങ്ങ് നടത്തേണ്ടതാണ്.
ടെറസ്സിൽ കയറ്റിവയ്കുമ്പോൾ, തറ കേടുവരാതിരിക്കാൻ കനം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനുമുകളിൽ രണ്ട് ചെങ്കല്ല് അടുക്കിവച്ച് ഗ്രോബാഗ് വെക്കുന്നതാണ് നല്ലത്. ദിവസവും നനകൊടുക്കാൻ ശ്രദ്ധിക്കണം.
ഓരോ വിളകഴിയുമ്പോഴും മണ്ണിളക്കി ജൈവ ജീവാണു വളങ്ങൾ ചേർത്ത് അടുത്ത വിള നടാം. ഒരേ വിള തന്നെ തുടർച്ചയായി ഒരു ഗ്രോബാഗിൽ ചെയ്യാതിരികാൻ ശ്രദ്ധിക്കുക.
ജൈവ ജീവാണുവളങ്ങളും , ജൈവ കീടനാശിനികളും
സമൃദ്ധമായ വിളലഭിക്കുന്നതിനു നല്ലവിളക്കൂറുള്ള മണ്ണ് ആവശ്യമാണ്.ജൈവവളത്താൽ സമ്പുഷ്ടമായിരിക്കണം മണ്ണ്. അതിനായി പച്ചിലവളങ്ങൾ, കാലിവളങ്ങൾ, കമ്പോസ്റ്റുകൾ, എല്ലുപൊടി, പിണ്ണാക്കുകൾ, എന്നിവ ആവശ്യാനുസരണം മണ്ണില്‍ ചേർക്കേണ്ടതാണ്. മണ്ണിൻറെ ജീവൻ നിലനിർത്തുന്ന അനേകം സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്കും പ്രവർത്തനത്തിനും ജൈവവളങ്ങൾ വളരെ സഹായകമാണ്. മണ്ണിലെ ഈർപ്പം നഷ്ടപെടാതിരിക്കാനും ഇവ സഹായകമാണ്. വിവിധതരം ജൈവവളങ്ങൾ ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്.
അപകടരഹിതവും വിഷാംശം കുറവുള്ളതും പരിസരമലിനീകരണം ഉണ്ടാക്കാത്തതും ഏറ്റവും സുരക്ഷിതവുമായ ജൈവകീടനാശിനികൾ വേണം നാം ഉപയോഗിക്കേണ്ടത്.
EM ലായനി
ആവശ്യമായ സാധനങ്ങൾ :-
മത്തൻ -250 gm
പപ്പായ – 250 gm
ഏത്തപ്പഴം – 250 gm
നാടൻ കോഴിമുട്ട – 3 എണ്ണം
ശർക്കര – 125 gm
വെള്ളം – 1 Ltr
ഉഴുന്നുപൊടി – 250 gm
തയ്യാറാക്കുന്ന വിധം :- എടുക്കുന്ന പഴങ്ങൾ നന്നായി പഴുത്തതോ അഴുകിയതോ ആയിരിക്കണം. മത്തൻ, പപ്പായ, ഏത്തപ്പഴം, എന്നിവ ചെറുതായി അരിഞ്ഞ് ഒരു പാത്രത്തിൽ ഇടുക ഉഴുന്നുപൊടി ചേർത്ത് നല്ലവണ്ണം കുഴക്കുക. 1 ലിറ്റർ വെള്ളത്തിൽ ശർക്കര കലക്കി ഇതിലേക്ക് ഒഴിക്കുക ഇവ നന്നായി ഇളക്കിയ ശേഷം ഇതിലേക്ക് നാടൻ കോഴിമുട്ട പൊട്ടിച്ച് ഒഴിക്കുക. (മുട്ട പൊട്ടിച്ച് ഒഴിച്ചതിന് ശേഷം ലായനി ഇളക്കുവാൻ പാടുളളതല്ല.) അതിനുശേഷം പാത്രത്തിൻറെ വായ്ഭാഗം വായു കടക്കാതെ അടച്ച് 14 ദിവസം സൂക്ഷിച്ച് വയ്ക്കുക. പതിനഞ്ചാം ദിവസം മുതൽ ഇത് ഉപയോഗിക്കാം (കാലാവധി 3 മാസം).
ഉപയോഗിക്കുന്ന വിധം :- 10ml ലായനി 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഇതിനെ മണ്ണിലും ചെടികളിലും തെളിച്ചു നല് കാം
പഞ്ചഗവ്യം
ആവശ്യമായ സാധനങ്ങൾ
ചാണകം 500 ഗ്രാം
ഗോമൂത്രം 200 മില്ലി
പാൽ 100 മില്ലി
തൈര് 100 മില്ലി
നെയ്യ് 100 ഗ്രാം
നിർമ്മിക്കുന്ന രീതി
ഒരു മണ്‍കലത്തിൽ 500 ഗ്രാം ചാണകം, 100 ഗ്രാം നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. കലത്തിൻറെ വായ്ഭാഗം കോട്ടണ്‍ തുണി ഉപയോഗിച്ച് കെട്ടി കലം തണലിൽ വയ്ക്കുക. 24 മണിക്കൂറിനുശേഷം ഇതിലേക്ക് 200 മില്ലി ഗോമൂത്രം ഒഴിച്ച് നന്നായി ഇളക്കി വീണ്ടും കെട്ടിവയ്ക്കുക. ഇതിനെ എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും 50 പ്രാവശ്യം വീതം വലത്തോട്ടും ഇടത്തോട്ടും കമ്പ് ഉപയോഗിച്ച് ഇളക്കുക. പതിനാറാം ദിവസം ഇതിലേക്ക് 100 മില്ലി പാൽ, 100 മില്ലി തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കി 5 ദിവസം കൂടി കെട്ടിവച്ചശേഷം ഉപയോഗിക്കാം.
ഉപയോഗിക്കുന്ന വിധം
നെല്ല്, തെങ്ങ്, വാഴ എന്നിവയ്ക്ക് പഞ്ചഗവ്യം 10 മടങ്ങ് വെള്ളം ചേർത്ത് നേർപ്പിച്ചാണ് ഉപയോഗിക്കേണ്ടത്. പച്ചക്കറികളിൽ 20 മടങ്ങ് വെള്ളം ചേർത്ത് നേർപ്പിച്ചാണ് ഉപയോഗിക്കുക. ഇത് ചെടികളിൽ തളിക്കുന്നതുവഴി ചെടിയുടെ വളർച്ച ത്വരിതപ്പെടുന്നു. മണ്ണിൽ ഒഴിക്കുന്നതുവഴി മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനം ത്വരിതപ്പെടുന്നു.
മുട്ട മിശ്രിതം
നിർമ്മിക്കുന്ന രീതി
“v ” ആകൃതിയിലുള്ള ഒരു പത്രത്തിൽ 12 മുട്ട അടുക്കി വയ്ക്കുക. മുട്ട മുങ്ങി നിൽക്കത്തക്ക രീതിയിൽ ചെറുനാരങ്ങനീര് ഒഴിക്കുക. വായു കടക്കാത്ത രീതിയിൽ അടച്ച് 15 ദിവസം നിഴലിൽ വയ്ക്കുക. പത്താം ദിവസം മുട്ടത്തോട് മുഴുവൻ ദ്രവിച്ചിട്ടുണ്ടാവും. ഈ മിശ്രിതം നന്നായി ഇളക്കി ഇതിലേക്ക് 300 ഗ്രാം ശർക്കരപ്പൊടി ചേർത്ത് വീണ്ടും നന്നായി ഇളക്കുക. 10 ദിവസം കൂടി അടച്ച് തണലിൽ സൂക്ഷിക്കുക.
ഉപയോഗിക്കുന്ന വിധം
ചെടികളിലെ പൂകൊഴിച്ചിൽ കുറയ്ക്കുന്നതിനും കൂടുതൽ കായ്പിടിക്കുന്നതിനും വേണ്ടി ഉപയോഗിക്കാം. 150 മില്ലിലിറ്റർ മുട്ട മിശ്രിതത്തിൽ 5 ലിറ്റർ വെള്ളം ചേർത്ത് ലയിപ്പിച്ച് ഉപയോഗിക്കാം.
മീൻ മിശ്രിതം
ആവശ്യമായ സാധനങ്ങൾ
മത്തി -250 gm
ശർക്കരപൊടിച്ചത് -250 gm
തയ്യാറാക്കുന്ന വിധം :- ഒരു പ്ലാസ്റ്റിക്ക് പാത്രത്തിൽ 250 gm മീൻ നല്ലതുപോലെ ചതച്ച് ഇതിലേക്ക് 250 gm ശർക്കരപൊടി ചേർത്ത് നന്നായി ഇളക്കി വയുകടക്കാത്ത രീതിയിൽ അടച്ച് നിഴലിൽ വയ്ക്കുക. മീൻ മിശ്രിതം തയ്യാറാക്കാൻ 15 മുതൽ 20 ദിവസംവരെ വേണ്ടിവരും. 25 ദിവസങ്ങൾക്കുശേഷം ഇതിനെ അരിച്ചടുത്ത് ഉപയോഗിക്കാം കുപ്പിയിൽ വായുകടക്കാത്തരീതിയിൽ അടച്ച് സുക്ഷിക്കണം.(കാലാവധി -3 മാസം ).
ഉപയോഗിക്കുന്ന വിധം :- 3 ml 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഉപയോഗിക്കാം .
ജൈവസ്ലറി
ആവശ്യ വസ്തുക്കൾ
പച്ചചാണകം -1 കിലോ
കടലപിണ്ണാക്ക് – 1 കിലോ
വേപ്പിൻപിണ്ണാക്ക് -1 കില
ഇവ ഒരുമിച്ച് ചേർത്ത് 10 ലിറ്റർ വെള്ളം ഒഴിച്ച് പുളിപ്പിക്കാൻ വെക്കുക. 5 ദിവസത്തിനുശേഷം ഇത് ഇരട്ടിവെള്ളം ചേർത്ത് നേർപ്പിച്ച് തടം ഒന്നിന് 1 ലിറ്റർ എന്ന തോതിൽ ഒഴിച്ചുകൊടുക്കുക.
ഇ.എം .കമ്പോസ്റ്റ്
വെള്ളം കെട്ടിനിൽക്കാത്ത ഒരുസ്ഥലം വേണം ഇ.എം.കമ്പോസ്റ്റ് നിർമ്മാണത്തിനായി തെരഞ്ഞെടുക്കേണ്ടത്. ഇ.എം.കമ്പോസ്റ്റ് നിർമ്മാ ണത്തിനായി താഴെപറയുന്നവ ആവശ്യമുണ്ട്.
ആക്റ്റിവേറ്റഡ് ഇ . എം -500 മില്ലി
ശർക്കരലായനി – 300 മില്ലി
വെള്ളം – 30 ലിറ്റർ
പിണ്ണാക്ക് -5 കിലോ
എല്ലുപൊടി -5 കിലോ
മേൽപ്പറഞ്ഞ അഞ്ചുചേരുവകൾ ഒരു ബക്കറ്റിൽ നന്നായി ഇളക്കി ചേർക്കുക. ഇതിൽ നിന്ന് 5 ലിറ്റർ ലായനി എടുത്ത് വൃത്തിയാക്കി വെച്ചിരിക്കുന്ന പ്രതലത്തിൽ ഒഴിച്ചുകൊടുക്കുക ഈ പ്രതലത്തിനുമുകളിൽ ചാണകപ്പൊടി 5 സെ.മി ഉയരത്തിൽ പരത്തുക. EM ലായനി ഇതിനു മുകളിൽ തളിച്ചുകൊടുക്കുക. ഇതിനു മുകളിൽ 10 സെ.മി കനത്തിൽ ചപ്പുചവറുകൾ വിതക്കുക. നല്ലപോലെ നനയത്തക്കരീതിയിൽ EM ലായനി ഇതിനുമുകളിൽ തളിക്കുക. വീണ്ടും 5 സെ.മി കനത്തിൽ ചാണകപ്പൊടിപരത്തി EM ലായനി തളിക്കുക ഈ പ്രക്രിയ 1.35 മീറ്റർ വരെ തുടരുക. ഈ കൂമ്പാരം ഒരുഷീറ്റ് ഉപയോഗിച്ച് മൂടുക. ഇടക്ക് ആവശ്യമെങ്കിൽ ഈർപ്പം നൽകേണ്ടതാണ്. 40-45 ദിവസത്തിനകം ഇതുനല്ല കമ്പോസ്റ്റ് ആയി മാറിയിട്ടുണ്ടാകും.
മണ്ണിരകമ്പോസ്റ്റ്
45 സെന്റീമീറ്റർ നീളം 30 സെ.മീ, വീതി 45 സെ.മീ ഉയരവുമുള്ള ഒരു പ്ലാസ്സ്റ്റിക്ക് പെട്ടിയോ അടി വിസ്താരമുള്ള പാത്രമോ ഇതിനായി ആവശ്യമുണ്ട്. വെള്ളം വാർന്നുപോകുന്നതിനുവേണ്ടി ഈ പെട്ടിയുടെ അടിവശത്തായി 2 ദ്വാരങ്ങൾ ഇടണം. ഈ പെട്ടിയുടെ അടിയിലായി 5 സെ.മീ കനത്തിൽ മണൽ വിരിച്ച് അതിനുമുകളിൽ 3 സെ.മീ കനത്തിൽ ചകിരി വിതറി ഇടുക. തുടർന്ന് 3 ഇഞ്ചു കനത്തിൽ ചാണകപ്പൊടി വിതറി 450-500 എണ്ണം മണ്ണിരകൾ നിക്ഷേപിക്കുക 20-25 കഴിഞ്ഞ് ദിവസവുമുള്ള അടുക്കള അവശിഷ്ടങ്ങളും ചപ്പുചവറുകളും (കടലാസ് ,ഇലകൾ തുടങ്ങിയവ )ഇതിനു മുകളിൽ നിരത്തുക 8 ഇഞ്ചു കനം ആകുന്നതുവരെ ഇത് തുടരുക. ശേഷം പെട്ടിക്കു മുകളിൽ ഒരു ചാക്ക് വിരിച്ച് പെട്ടി മാറ്റി വയ്ക്കുക. ആവശ്യമായ ഈർപ്പം നിലനിർത്തുന്നതിനായി ദിവസവും വെള്ളം തളിച്ചു കൊടുക്കണം. എലി, കാക്ക, ഉറുമ്പ് എന്നിവ മണ്ണിരയെ ആക്രമിക്കാൻ സാധ്യതയുണ്ട്. അതിനാൽ പെട്ടിക്ക് മുകളിൽ കമ്പി വല വിരിക്കുന്നത് ഇവയുടെ ശല്യം ഒഴിവാക്കാൻ സഹായിക്കും. ഉറുമ്പ് ശല്യം ഒഴിവാക്കാൻ പെട്ടിക്ക് ചുറ്റും മഞ്ഞൾപൊടി വിതറുക. 35-40 ദിവസം കഴിഞ്ഞ് പെട്ടി വെയിലത്ത് എടുത്ത് വയ്ക്കുക വെയിൽ കൊള്ളുന്നതോടെ മണ്ണിര താഴോട്ട് പൊയ്ക്കൊള്ളും. അതിന് ശേഷം മേലെയുള്ള കമ്പോസ്റ്റ് മാറ്റി എടുക്കുക. ഈ പെട്ടി വീണ്ടും കമ്പോസ്റ്റ് നിർമ്മാണത്തിന് ഉപയോഗിക്കാം. രണ്ട് കമ്പോസ്റ്റ് പെട്ടികൾ ഒരുമിച്ചുപയോഗിക്കുന്നത് മണ്ണിരകൾ മാറ്റുന്നതിനും, എന്നുമുള്ള അടുക്കളമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനും സഹായകമാകും.
ശ്രദ്ധിക്കേണ്ടകാര്യങ്ങൾ
1.പെട്ടിക്കകത്ത് പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് എന്നിവ ഇടരുത്.
2.എണ്ണയും എരിവും ഉള്ള വസ്തുക്കൾ ഇടരുത്.
3.ഇടയ്ക്കിടെ അവശിഷ്ടങ്ങൾ ഒരു കമ്പ് ഉപയോഗിച്ച് ഇളക്കി കൊടുക്കണം.
4.മണ്ണിര കമ്പോസ്റ്റിൽ നൽകുന്ന ഈർപ്പം ഒലിച്ചിറങ്ങി ദ്വാരങ്ങൾ വഴി വരുന്ന ദ്രാവകം (വെർമിവാഷ് )
5 ഇരട്ടിവെള്ളം ചേർത്ത് ചെടികൾക്ക് ഒഴിച്ച് കൊടുക്കാം.
കിരിയാത്ത് -വെളുത്തുള്ളി -സോപ്പ് മിശ്രിതം
തയ്യാറാക്കുന്നവിധം :- കിരിയാത്ത് ചെടിയുടെ ഇലകളും ഇളം തണ്ടും ചതച്ച് ഒരുലിറ്റർ നീര് എടുക്കുക. മറ്റൊരു പാത്രത്തിൽ 60 gm ബാർ സോപ്പ് 500 ml വെള്ളത്തിൽ അലിയിച്ചു സോപ്പ് ലായനി തയ്യാറാക്കുക. ഈ ലായനി കിരിയത്ത് നീരിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിൽ 10 ഇരട്ടി (15 ലിറ്റർ )വെള്ളമൊഴിച്ച് മിശ്രിതം നേർപ്പിക്കുക. ഇതിലേക്ക് 330 gm വെളുത്തുള്ളി നന്നായി അരച്ച്ചേർക്കണം. ഈ മിശ്രിതം അരച്ചെടുത്ത് സ്പ്രെയർ കൊണ്ട് മുളകിന്റെ ഇലയുടെ അടിയിൽ പതിക്കത്തക്കവിധം തളിക്കുന്നതും പ്രയോജനം ചെയ്യും.
ഉപയോഗിക്കുന്നത് :- മുളകുചെടിയിൽ കാണുന്ന മാരകമായ വൈറസ് രോഗം പകരുന്നതിൽ ഇലപ്പേനുകൾ മുഖ്യ കാരണമാകുന്നുണ്ട്.ഇലപ്പേനുകളെ നിയന്ത്രിക്കാൻ ഇത് ഫലപ്രദമാണ്
അഞ്ചില കീടവരട്ടി
നിർമിക്കുന്ന രീതി
കീടങ്ങളെ നിയന്ത്രിക്കുന്നതിനുവേണ്ടി അഞ്ച് തരം ഇലകൾ ഉപയോഗിച്ച് നിർമ്മിക്കുന്നു. കയ്പ്പുള്ളതും (ആര്യവേപ്പ് ,ആടലോടകം തുടങ്ങിയവ ), മണമുള്ളതും (തുളസി ,നൊച്ചി തുടങ്ങിയവ ), പാലുള്ളതും (പാല,പപ്പായ തുടങ്ങിയവ ), ദുർഗന്ധമുള്ളതുമായ (കാട്ടുകർപ്പൂരം ,പെരുവലം ,നാറ്റപൂച്ചെടി തുടങ്ങിയവ ) 5 തരം ഇലകൾ തുല്യ അളവിൽ എടുത്ത് ചെറുതായി അരിയുക.ഇത് ഒരു പാത്രത്തിൽ ഇട്ട് ഇലകൾ മുങ്ങിനിൽക്കത്തക്ക രീതിയിൽ ഗോമൂത്രം ഒഴിച്ച് പാത്രത്തിന്റെ വായ്ഭാഗം പരുത്തിതുണി ഉപയോഗിച്ച് കെട്ടിവയ്ക്കുക. 11 ദിവസങ്ങൾക്കുശേഷം ഉപയോഗിക്കാം
ഉപയോഗിക്കുന്ന വിധം
അഞ്ചില കീടവരട്ടി 10 മടങ്ങ് വെള്ളം ചേർത്ത് നേർപ്പിച്ചാണ് ഉപയോഗിക്കേണ്ടത് .
നെൽകൃഷിയിൽ വിതകഴിഞ്ഞ് 30 ദിവസത്തിനുശേഷം നെല്ല് പൂക്കുന്നതുവരെ 15 ദിവസം ഇടവിട്ട് നേർപ്പിച്ച അഞ്ചില കീടവരട്ടി തളിച്ചുകൊടുക്കാവുന്നതാണ്.
കീടബാധയുണ്ടാവുന്നത് പ്രതിരോധിക്കാൻ സാധിക്കുന്നു .
വെർട്ടി സീലിയം ലായനി
ഉപയോഗിക്കുന്ന വിധം :- പൊടിരൂപത്തിലുള്ള ഈ മിശ്രിതം കീടശല്യം കണ്ടാലുടൻതന്നെ 15-20 gm എടുത്ത് 1 ലിറ്റർ വെള്ളത്തിൽ കലർത്തി അരിച്ചെടുക്കണം.ഇതിൽ 5 gm ബാർ സോപ്പ് ലയിപ്പിക്കുക.ഒരാഴ്ച ഇടവിട്ട് തളിക്കുക.
ഉപയോഗിക്കുന്നത് :- വിളകളിൽ കണ്ടുവരുന്ന മുഞ്ഞ, ഇല പേൻ, മീലിമുട്ട, വെള്ളീച്ച എന്നിവയ്ക്കെതിരെ ഫലപ്രദം.
വേപ്പെണ്ണ എമൾഷൻ
തയാറാക്കുന്ന വിധം :-വേപ്പെണ്ണയും ബാർ സോപ്പുമാണ് പ്രധാന ചേരുവകൾ. ഒരു ലിറ്റർ വേപ്പെണ്ണക്ക് 60gm ബാർ സോപ്പ് വേണം. അര ലിറ്റർ ചെറു ചൂടുവെള്ളത്തിൽ ലയിപ്പിച്ച് പതപ്പിച്ച് എടുത്ത ബാർ സോപ്പ് 1ലിറ്റർ വേപ്പെണ്ണയുമായി ചേർത്ത് ഇളക്കണം. ഇത് 40 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് വേണം ചെടികളിൽ തളിക്കാൻ. പച്ചക്കറിവിളകളിൽ ഉണ്ടാകുന്ന ഇലതീനിപുഴുക്കൾ, ചിത്രകീടം, വെള്ളീച്ച, പയർ പേൻ എന്നിവയ്ക്കെതിരെ ഫലപ്രദമാണ്.
വേപ്പിൻ കുരുലായനി
വേപ്പിൻകുരു തൊണ്ട് പൊളിച്ചെടുക്കണം.0.1 മുതൽ 0.2 വീര്യത്തിൽ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. 0.1% വീര്യത്തിൽ തളിക്കുവാൻ ഒരു ഗ്രാം വേപ്പിൻ കുരു പൊടിച്ചത് ഒരു തുണിയിൽ കെട്ടി ഒരു ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ മുക്കിവയ്ക്കണം. തുണിയിൽ നിന്നും സത്ത്മുഴുവൻ പിഴിഞ്ഞെടുക്കണം.
ഇല, കായ എന്നിവ കാർന്നു തിന്നുന്ന പുഴുക്കൾ, പച്ചതുള്ളൻ, എന്നിവയ്ക്കെതിരെ ഇത് ഫലപ്രദമാണ്.
പുകയില കഷായം
അരകിലോഗ്രാം പുകയിലയോ,പുകയിലഞ്ഞെട്ടോ ചെറുതായി അരിഞ്ഞ് 4.5 ലിറ്റർ വെള്ളത്തിൽ മുക്കി ഒരു ദിവസം വയ്ക്കുക. എന്നിട്ട് പുകയിലകഷ്ണങ്ങൾ പിഴിഞ്ഞു മാറ്റി ലായനി അരിച്ചെടുക്കുക. 120 gm ബാർ സോപ്പ് ചീകി ചെറു ചൂടുവെള്ളത്തിൽ ലയിപ്പിച്ച് പതപ്പിച്ചെടുക്കുക. ഈ സോപ്പ് ലായനി അരിച്ചെടുത്ത പുകയിലകഷായത്തിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇത് 6-7 മടങ്ങ് നേർപ്പിച്ച് തളിക്കാൻ ഉപയോഗിക്കാം.
ഗോമൂത്ര -കാന്താരി ലായനി
50 gm കാന്താരി മുളക് വളരെ മിതമായി മാത്രം വെള്ളം തൊട്ട് നേർമയായി അരച്ച് 3 Ltr ഗോമൂത്രത്തിൽ കലക്കിയെടുക്കുക. ഇതിനെ 5 മുതൽ 10 ഇരട്ടിവരെ വെള്ളത്തിൽ നേർപ്പിച്ച് തളിയ്ക്കാം പുഴുവിൻറെ എണ്ണത്തിനും വലിപ്പത്തിനും അനുസരിച്ചാണ് ഗാഢത നിർണ്ണയിക്കേണ്ടത്.
സൂക്ഷ്മാണു വളങ്ങൾ
ജൈവ പച്ചക്കറി കൃഷിയിൽ ജൈവ വളങ്ങൾ പോലെതന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സൂക്ഷ്മാണു വളങ്ങൾ. ഇവ സസ്യ മൂലകങ്ങൾ അന്തരീക്ഷത്തിൽ നിന്നും വലിച്ചെടുത്ത് അവ രൂപാന്തരപ്പെടുത്തി സസ്യങ്ങൾക്ക് ഉപയോഗിക്കത്തക്ക രീതിയിൽ മാറ്റുന്നു.
ട്രൈക്കോഡർമ
10 gm ട്രൈക്കോഡർമ കൾച്ചർ 1 kg ചാണകപ്പൊടി, 10 gm വേപ്പിൻകുരു ചതച്ചത് / പൊടിച്ചത് ഇവയുമായി കൂടികലർത്തി വെള്ളം തളിച്ച് ഇളക്കി തണലുള്ള സ്ഥലത്ത് ചെറുകൂനയായി വെയ്ക്കുക. ഇതിനെ ഈർപ്പമുള്ള ചണചാക്കുപയോഗിച്ച് മൂടുക. 4-5 ദിവസങ്ങൾക്കുശേഷം ഈ മിശ്രിതം വീണ്ടും ഇളക്കി ആവശ്യത്തിന് വെള്ളം തളിച്ച് കൂനയാക്കി 2 ദിവസം കൂടി മൂടിയിടുക. ഈ ട്രൈക്കോഡർമ മിശ്രിതം മണ്ണിൽ ചേർത്തുകൊടുക്കാവുന്നതാണ്.
അസറ്റോബാക്ടർ
മണ്ണിൽ സ്വതന്ത്രമായി വസിച്ച്, ചെടികൾക്ക് ആവശ്യമായ N (നൈട്രജൻ) അമോണിയ രൂപത്തിലാക്കി നൽകുന്ന ഒരു സൂക്ഷ്മാണുവാണ് അസറ്റോബാക്ടർ. വിത്തിൽ പുരട്ടാനും പറിച്ച് നടുന്ന ചെടികളുടെ വേരിൽ മുക്കാനും മണ്ണിൽ നേരിട്ട് ചേർത്താനും ഇത് ഉപയോഗിക്കാം.
അസോസ്പൈറില്ലം
ചെടികളുടെ വേരുപടലത്തിലും മണ്ണിലും വസിച്ച് ചെടികൾക്കാവശ്യമായ N(നൈട്രജൻ ) നൽകുന്ന ഒരു സുക്ഷ്മാണു ആണ് അസോസ്പൈറില്ലം.
ഫോസ്ഫറസ്സ് ബാക്ടിരിയ
ഈ ബാക്ടീരിയകൾക്ക് മണ്ണിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റിനെ രൂപാന്തരപ്പെടുത്തി ചെടികൾക്ക് വലിച്ചെടുക്കാവുന്ന രൂപത്തിലാക്കി നൽകാൻ കഴിയും. ഇതിനായി ഫോസ്ഫറസ്സ് ബാക്ടിരിയ കൾച്ചർ വിത്തിൽ പുരട്ടിയോ തൈകളുടെ വേര് ലായനിയിൽ മുക്കിയോ നേരിട്ട് മണ്ണിൽ ചേർത്തോ ഉപയോഗിക്കാം.
റൈസോബിയം
ചെടിക്കാവശ്യമായ നൈട്രജൻ പ്രധാനം ചെയ്യുന്ന സുക്ഷ്മാണു ആണ് റൈസോബിയം. പയറുവർഗ്ഗ ചെടികളിൽ ഇത് ഉപയോഗിക്കുന്നതുവഴി ഉൽപ്പാദന വർദ്ധനവ് ഉണ്ടാകും. 10 കിലോ പയർവിത്ത് 2 കിലോ റൈസോബിയം കൾച്ചറും കഞ്ഞിവെള്ളവും ചേർത്തിളക്കി തണലിൽ ഉണക്കി വിതയ്ക്കാവുന്നതാണ്.
പൊട്ടാഷ് ബാക്ടിരിയ
ചെടിക്കാവശ്യമായ പ്രധാന മൂലകങ്ങളിലൊന്നായ പൊട്ടാഷ് നൽകാൻ കഴിയുന്ന ബാക്ടീരിയ ആണ്. ഇത് ബാക്ടീരിയ കൾച്ചർ വിത്തിൽ പുരട്ടി കൾച്ചർ ലായനിയിൽ തൈകൾ മുക്കിവെച്ചും നേരിട്ട് മണ്ണിൽ കലർത്തിയും ഉപയോഗിക്കാം .
മുൻകരുതലുകൾ
1. രാസകുമിൾ നാശിനികൾ, രാസകീടനാശിനികൾ, കുമ്മായം, രാസവളങ്ങൾ, ചാരംകലർന്ന ജൈവവളങ്ങൾ എന്നിവയുമായി ചേർത്ത് ഉപയോഗിക്കാതിരിക്കുക.
2. രാസകുമിൾ നാശിനികൾ, രാസകീടനാശിനികൾ , കുമ്മായം, രാസവളങ്ങൾ, ചാരംകലർന്ന ജൈവവളങ്ങൾ എന്നിവ ഉപയിഗിച്ച് 10 ദിവസത്തിന് ശേഷംമാത്രം ഈ വളങ്ങൾ ഉപയോഗിക്കുക.
3. ഉപയോഗിക്കുമ്പോൾ മണ്ണിൽ ഈർപ്പം ഉണ്ടായിരിക്കേണം.
4. ഈ ഉൽപ്പന്നങ്ങൾ ശീതികരിക്കരുത്.
5. അന്തരീക്ഷ ഊഷ്മാവ് കുറവുള്ള സമയത്ത് , പ്രത്യേകിച്ച് വൈകുന്നേരങ്ങളി മാത്രം ചെടികളിൽ തളിയ്ക്കുവാൻ ശ്രദ്ധിക്കുക
ബൊവേറിയ
5-10 gm ബൊവേറിയ പൗഡർ 1 ലിറ്റർ വെള്ളത്തിൽ ഒരു ചെറിയ കഷ്ണം (5 gm ) ബാർസോപ്പ് ചേർത്ത് നല്ലവണ്ണം കലക്കിവെക്കുക. ഈ ലായനി രാവിലെ ചെടികളിൽ തളിച്ച് കൊടുക്കുക.
സ്യൂഡോമോണസ്
കൾച്ചർ ചെയ്യാൻ ആവശ്യമായ സാധനങ്ങൾ
സ്യൂഡോമോണസ് : 2 ഗ്രാം
വെള്ളം : 1 ലിറ്റർ
കഞ്ഞിവെള്ളം : 250 മില്ലി
ശർക്കര ചെറിയ കഷ്ണം അല്ലെങ്കിൽ നാളീകേര വെള്ളം
2 gm സ്യൂഡോമോണസ് +1 ലിറ്റർ വെള്ളം + 250 ml കഞ്ഞിവെള്ളം + ഒരു കഷ്ണം ശർക്കര / നാളീകേര വെള്ളം എന്നിവ ചേർത്ത് നന്നായി കലക്കി 48 മണിക്കൂർ വയ്ക്കുക. അതിനു ശേഷം 10 ലിറ്റർ വെള്ളത്തിൽ ഈ ലായനി ഒഴിച്ച് നേർപ്പിച്ച് ചെടിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കുക സ്യൂഡോമോണസ് ലായനി ഒഴിക്കുന്നതിന് മുമ്പ് തടങ്ങളിൽ ചാണകപൊടി ഇടേണ്ടതാണ്.
പച്ചക്കറി കൃഷി
വീട്ടുവളപ്പിൽ / ടെറസ്സിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനായി അനുയോജ്യമായ ഇനങ്ങൾ തിരഞ്ഞെടുക്കേണ്ടതാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങളാണ് ഇവ.
ഇനങ്ങൾ
ചീര
- ഇനം
: അരുണ്‍
- സീസണ്‍
: വർഷം മുഴുവൻ (കനത്ത മഴസമയം ഒഴിവാക്കുന്നത് അഭികാമ്യം )
- ഏറ്റവും നല്ല നടീൽ സീസണ്‍
: ജൂണ്‍ – ജൂലൈ , ഒക്ടോബർ -നവംബർ
- വിത്തിൻറെ അളവ്
: 4 ഗ്രാം / സെന്റിന് പറിച്ച് നടുന്നതിന് 10 ഗ്രാം/ സെന്റിന് നേരിട്ടുവിതയ്ക്കുന്നതിന്
- നഴ്സറി
: മുളപ്പിച്ച തൈകൾ 20 ദിവസം കഴിഞ്ഞ് പറിച്ചുനടാവുന്നതാണ് .
- കാലാവധി
: 50-140 ദിവസം
- നടീൽ അകലം
: 30X20 സെ.മീ
- സവിശേഷതകൾ
: ചുവന്ന നിറം അനേകതവണവിളവെടുക്കാം . ഒരു സെന്റിൽ നിന്ന് ശരാശരി 70-100 കി .ഗ്രാം ഉൽപ്പാദനം ലഭിക്കുന്നു.
- മറ്റ് ഇനങ്ങൾ
: കണ്ണാറ ലോക്കൽ (ചുവപ്പ് ),മോഹിനി (പച്ച ),സി.ഓ 1(പച്ച ) വേനൽ കൃഷിക്ക് അനുയോജ്യം
മുളക്
- ഇനം
: ഉജ്ജ്വല
- സീസണ്‍
: മെയ് -ജൂണ്‍, ആഗസ്റ്റ്-സെപ്റ്റംബർ
- ഏറ്റവും നല്ല നടീൽ സീസണ്‍
: മെയ് – ജൂണ്‍
- വിത്തിൻറെ അളവ്
: 4 ഗ്രാം / സെന്റിന്
- നഴ്സറി
: മുളപ്പിച്ച തൈകൾ 20-30 ദിവസങ്ങൾക്ക് ശേഷം പറിച്ചുനടാവുന്നതാണ്.
- കാലാവധി
: 210-240 ദിവസം
- നടീൽ അകലം
: 45-60 സെ.മീ
- സവിശേഷതകൾ
: കടും പച്ചനിറത്തിലുള്ള നിവർന്ന കായ്കൾ. കുലകളായി കായ്ക്കുന്നു. നല്ല എരിവുള്ള ഇനം. ശരാശരി ഒരു സെന്റിന് 60 കി.ഗ്രാം. ഉല്പ്പാദനം
- മറ്റ് ഇനങ്ങൾ
: അനുഗ്രഹ, ജ്വാലാമുഖി ,ജ്വാലസഖി
വെണ്ട
- ഇനം
: അർക്ക, അനാമിക
- സീസണ്‍
: മെയ് -ജൂണ്‍, ഒക്ടോബർ -നവംബർ , ഫെബ്രവരി -മാർച്ച്
- ഏറ്റവും നല്ല നടീൽ സീസണ്‍
: മെയ് – ജൂണ്‍
- വിത്തിൻറെ അളവ്
: 30 ഗ്രാം / സെന്റിന്
- കാലാവധി
: 100-110 ദിവസം
- നടീൽ അകലം
: 60-45 സെ. മീ
- സവിശേഷതകൾ
;: പച്ചനിറം, രോഗപ്രതിരോധശേഷി , ഒരു സെന്റിൽ നിന്നും ശരാശരി 48-60 കി.ഗ്രാം വിളവ് ലഭിക്കുന്നു .
- മറ്റ് ഇനങ്ങൾ
: കിരണ്‍,അരുണ , സുസ്തിര
വഴുതന
- ഇനം
: ഹരിത
- സീസണ്‍
: മെയ്, ജൂണ്‍, സെപ്റ്റംബർ-ഒക്ടോബർ
- ഏറ്റവും നല്ല നടീൽ സീസണ്‍
: മെയ്, ജൂണ്‍
- വിത്തിൻറെ അളവ്
: 2 ഗ്രാം / സെന്റിന്
- നഴ്സറി
: മുളപ്പിച്ച തൈകൾ 30 – 40 ദിവസം കഴിഞ്ഞ് പറിച്ചുനടാവുന്നതാണ്.
- കാലാവധി
: 8 മാസം മുതൽ 12 മാസം വരെ
- നടീൽ അകലം
: 60 x 60 സെ .മീ
- സവിശേഷതകൾ
: ഇളം പച്ചനിറത്തിലുള്ള വലിപ്പമുള്ള നീണ്ട കായ്കൾ.
- മറ്റ് ഇനങ്ങൾ
: സൂര്യ (വയലറ്റ് ), ശ്വേത (വെളുത്ത കായ്കൾ )
പാവൽ
- ഇനം
: പ്രീതി
- സീസണ്‍
: ജൂണ്‍ -ആഗസ്റ്റ്, സെപ്റ്റംബർ -ഡിസംബർ , ജനുവരി, ഫെബ്രവരി
- ഏറ്റവും നല്ല നടീൽ സീസണ്‍
: സെപ്റ്റംബർ -ഡിസംബർ
- വിത്തിൻറെ അളവ്
:10 ഗ്രാം / സെന്റ്
- കാലാവധി
:140 -150 ദിവസം
- നടീൽ അകലം
:2 x 2 മീ
- സവിശേഷതകൾ
: അത്യുല്പാദനശേഷിയുള്ളഇനം വെളുത്ത ഇളംപച്ചനിറത്തിലുള്ള കായ്കൾ. ധാരാളം മുള്ളുകളോടുകൂടിയ കായയുടെ ശരാശരി ഭാരം 250 ഗ്രാം. ഒരു സെന്റിന് ശരാശരി 60 -100 കിലോ ഗ്രാം വിളവെടുക്കാം
- മറ്റ് ഇനങ്ങൾ
: പ്രിയ (പച്ചനിറം), പ്രിയങ്ക (വെളുത്ത നിറം )
തക്കാളി
- ഇനം
: അനഘ
- സീസണ്‍
: സെപ്റ്റംബർ -ഒക്ടോബർ
- ഏറ്റവും നല്ല നടീൽ സീസണ്‍
: സെപ്റ്റംബർ -ഒക്ടോബർ
- വിത്തിൻറെ
: 2 ഗ്രാം / സെന്റ്
- കാലാവധി
: 4 മാസം
- നടീൽ അകലം
:60 x 60 സെ.മീ
- സവിശേഷതകൾ
:ഇടത്തരം വലിപ്പമുള്ള കായ്കൾ ഒരുസെന്റിൽ നിന്നും ശരാശരി 120 കി.ഗ്രാം വിളവ് ലഭിക്കുന്നു
- മറ്റ് ഇനങ്ങൾ
: ശക്തി (ഇടത്തരം വലിപ്പമുള്ള അൽപ്പം പരന്നുരുണ്ട കായ്കൾ) , മുക്തി (ഇളം പച്ചനിറമുള്ള കായ്കൾ )
മത്തൻ
- ഇനം
: അമ്പിളി
- സീസണ്‍
: ഏപ്രിൽ -ജൂണ്‍, ജൂണ്‍ -ആഗസ്റ്റ്, സെപ്റ്റംബർ -ഡിസംബർ
- ഏറ്റവും നല്ല നടീൽ സീസണ്‍
: ഏപ്രിൽ -ജൂണ്‍, ആഗസ്റ്റ്- സെപ്റ്റംബർ
- വിത്തിൻറെ അളവ്
: 6 ഗ്രാം / സെന്റ്
- കാലാവധി
: 90 -120 ദിവസം
- നടീൽ അകലം
: 4.5 x 2 മീ
- സവിശേഷതകൾ
: അത്യുല്പാദനശേഷിയുള്ള ഇനം. 1സെന്റിൽ നിന്നും ശരാശരി 90 -120 കി.ഗ്രാം
- മറ്റ് ഇനങ്ങൾ
: സുവർണ്ണ (ഇടത്തരം വലിപ്പം )
പടവലം
- ഇനം
: കൗമുദി
- നടീൽ സീസണ്‍
: മെയ് -ജൂണ്‍, സെപ്റ്റംബർ -ഡിസംബർ
- വിത്തിൻറെ അളവ്
: 10 ഗ്രാം / സെന്റ്
- കാലാവധി
: 140 -150 ദിവസം
- നടീൽ അകലം
: 2 x 2 മീ
- സവിശേഷതകൾ
: അത്യുല്പാദനശേഷിയുള്ള ഇനം വലിപ്പമുള്ളവെളുത്ത കായ്കൾ. ഒരു സെന്റിൽ നിന്നും പരമാവധി 200 കി.ലോ ഗ്രാം വിളവെടുക്കാം
- മറ്റ് ഇനങ്ങൾ
: ബേബി (വെളുത്ത നിറത്തിൽ 30 സെ .മി നീളമുള്ള കായ്കൾ )
കുമ്പളം
- ഇനം
: കെ.എ.യു ലോക്ക
- നടീൽ സീസണ്‍
: ജൂണ്‍ – ആഗസ്റ്റ്, സെപ്റ്റംബർ -ഡിസംബർ
- വിത്തിൻറെ അളവ്
: 4 ഗ്രാം / സെന്റ്
- കാലാവധി
: 140-150 ദിവസം
- നടീൽ അകലം
: 4.5 x 2 മീ
- സവിശേഷതകൾ
: അത്യുല്പാദനശേഷിയുള്ളഇനം ശരാശരി 6-8 കി. ഗ്രാം തൂക്കം 1 സെന്റിൽ നിന്നും 100-120 കി. ഗ്രാം വിളവ് ലഭിക്കുന്നു
- മറ്റ് ഇനങ്ങൾ
: ഇന്ദു
വെള്ളരി
- ഇനം
: മുടിക്കോട് ലോക്കൽ
- നടീൽ സീസണ്‍
: ഫെബ്രവരി -മാർച്ച്
- വിത്തിൻറെ അളവ്
: 5 ഗ്രം/ സെന്റ്
- കാലാവധി
: 90 ദിവസം
- നടീൽ അകലം
: 1.5 x 2 മീ
- സവിശേഷതകൾ
: നല്ല രുചിയുള്ള ഇനം. വലിപ്പമുള്ള കായ്കൾ. 1 സെന്റിൽ നിന്നും ശരാശരി 100-120 കി.ഗ്രാം വിളവെടുക്കാം
- മറ്റ് ഇനങ്ങൾ
: സൗഭാഗ്യ (വലിപ്പം കുറഞ്ഞ കായ്കൾ ) അരുണിമ
പയർ
- ഇനം
: ലോല
- സീസണ്‍
: വർഷംമുഴുവനും
- ഏറ്റവും നല്ല നടീൽ സീസണ്‍
: ആഗസ്റ്റ് -സെപ്റ്റംബർ, ജൂണ്‍ -ജൂലൈ
- വിത്തിൻറെ അളവ്
: 16-20 ഗ്രാം
- കാലാവധി
: 110-120 ദിവസം
- നടീൽ അകലം
: 2 x 2 മീ
- സവിശേഷതകൾ
: പന്തലിൽ പടർത്തുന്ന ഇനം. നല്ല വിളവുതരാനുള്ള കഴിവുണ്ട്. കായുടെ അഗ്ര ഭാഗത്ത് തവിട്ടു നിറം ഒരു സെന്റിന് ശരാശരി 80 കി. ഗ്രാം വിളവെടുക്കാം
- മാറ്റ് ഇനങ്ങൾ
: കനകമണി (കുറ്റിപയർ ) അനശ്വര, വൈജയന്തി
പീച്ചിൽ
- ഇനം
: അർക്കസുജാത്
- സീസണ്‍
: ജൂലൈ ,ജനുവരി
- ഏറ്റവും നല്ല നടീൽ സീസണ്‍
: ഫെബ്രവരി, മാർച്ച്, മെയ്, ജൂണ്‍
- വിത്തിൻറെ അളവ്
: 12 ഗ്രാം / സെന്റ്
- കാലാവധി
: 100 ദിവസം
- നടീൽ അകലം
: 2 x 2 മീ
- സവിശേഷതകൾ
: ഇളം പച്ചനിറത്തിലുള്ള കായ്കൾ സ്വാദുള്ള ഇനം. ഒരുസെന്റിൽ നിന്നും ശരാശരി 200 കി.ഗ്രാം വിളവ് ലഭിക്കുന്നു.
- മറ്റ് ഇനങ്ങൾ
: ഹരിതം ,ദിപ്തി
ചുരക്ക
- ഇനം
: അർക്ക ബഹാർ
- സീസണ്‍
: സെപ്റ്റംബർ-ഒക്ടോബർ
- ഏറ്റവും നല്ല നടീൽ സീസണ്‍
: ജനുവരി, മാർച്ച്
- വിത്തിൻറെ അളവ്
: 9 ഗ്രാം / സെന്റ്
- കാലാവധി
: 4 മാസം
- നടീൽ അകലം
: 2 x 2 മീ
- സവിശേഷതകൾ
: അത്യുൽപ്പാദനശേഷിയുള്ള ഇനം1സെന്റിൽ നിന്നും ശരാശരി 100 കി.ഗ്രാം വരെ ശരാശരി ഉല്പ്പാദനം ലഭിക്കുന്നു.
കോവൽ
- ഇനം
: സുലഭ
- സീസണ്‍
: മെയ് -ജൂണ്‍, സെപ്റ്റംബർ – ഒക്ടോബർ
- ഏറ്റവും നല്ല നടീൽ സീസണ്‍
: മെയ് -ജൂണ്‍
- വിത്തിൻറെ അളവ്
- കാലാവധി :
- നടീൽ അകലം
: 4 x 3 മീ
- സവിശേഷതകൾ
: അത്യുൽപ്പാദനശേഷിയുള്ള ഇനം
ക്യാബേജ്
- ഇനങ്ങൾ
: Jd -183,Jd -160
- സീസണ്‍
: ഒക്ടോബർ, ഫെബ്രവരി
- ഏറ്റവും നല്ല നടീൽ സീസണ്‍
: സെപ്റ്റംബർ – ഒക്ടോബർ
- വിത്തിൻറെ അളവ്
: 2 ഗ്രാം / സെന്റ്
- നഴ്സറി
: മുളപ്പിച്ച തൈകൾ 25 ദിവസങ്ങൾക്കുശേഷം പറിച്ചുനടാം
- കാലാവധി
: 70 ദിവസം
- നടീൽ അകലം
: 45 x 60 സെ . മീ
- സവിശേഷതകൾ
: ഹൈബ്രിഡ് ഇനം ഒരു ചെടിയിൽ നിന്നും 1-2 കി.ഗ്രാം തൂക്കം വിളവ് ലഭിക്കുന്നു.
കോളിഫ്ളവർ
- ഇനം
: ബസന്ത് , പൂസാമേഘ്ന
- സീസണ്‍
: ഒക്ടോബർ ,ഫെബ്രവരി
- അനുയോജ്യമായ കാലം
: ഡിസംബർ -ജനുവരി
- ഏറ്റവും നല്ല നടീൽ സമയം
: സെപ്റ്റംബർ,ഒക്ടോബർ
- വിത്തിൻറെ അളവ്
: 29 ഗ്രാം / സെന്റ്
- കാലാവധി
: 80 ദിവസം
- നടീൽ അകലം
: 60 x 45 സെ.മീ
- സവിശേഷതകൾ
: ഹൈബ്രിഡ് ഇനം. ഒരു ചെടിയിൽ നിന്നും 600 ഗ്രാം -1.5 കി.ഗ്രാം തൂക്കമുള്ള പൂവ് ലഭിക്കുന്നു .
തണ്ണിമത്തൻ
- ഇനം
: ഷുഗർ ബേബി
- സീസണ്
: ജനുവരി-ഫെബ്രവരി, നവംബർ -ഡിസംബർ
- അനുയോജ്യമായ കാലം
: നവംബർ -ഡിസംബർ
- വിത്തിൻറെ അളവ്
: 70 ഗ്രാം
- കാലാവധി
: 90 ദിവസം
- നടീൽ അകലം
: 3 x 2മീ
- സവിശേഷതകൾ
: കടുംപച്ച നിറമുള്ള ഉരുണ്ടകായ് വലിപ്പം കുറവ്, നല്ല മധുരമു ള്ള ഇനം